മെഡിക്കൽ ക്യാമ്പിൽ നൂറ്റി മുപ്പതോളം പേർ രക്തം പരിശോധനക്ക് നൽകി.
കളമശ്ശേരി : മഞ്ഞപ്പിത്ത വ്യാപനം സ്ഥിരീകരിച്ച നഗരസഭയിലെ 10,12,13 വാർഡുകളിലെ ആളുകൾക്കായി ഇന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ 130 ഓളം പേർ രക്ത സാമ്പിൾ നൽകി. കളമശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ എച്ച് എംടി.കോളനി എൽ പി. സ്കൂളിൽ വച്ചായിരുന്നു മെഡിക്കൽ ക്യാമ്പ്. 'രക്തത്തിൻ്റെ പരിശോധന റിപ്പോർട്ട് നാളെ ലഭിക്കുമെന്നാണ് അറിയുന്നത്. വീ ടുകളിലേയും /പൊതു കിണറുകളിലേയും വെള്ളം ശുദ്ധീ കരിക്കുന്നതിൻ്റെ ഭാഗമായി നാളെ മുതൽ ക്ലോറിനേഷൻ ആരംഭിക്കും. ഇതിനായി ആശ പ്രവർത്തകർക്ക് പരിശിലനവും നൽകി. മൂന്ന് ദിവസമായിട്ടാണ് ക്ലോറിനേഷൻ നടക്കുന്നത്.
മഞ്ഞപിത്തം വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കളമശേരി നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ അൽഫാമും കാലാവധി കഴിഞ്ഞ പാലും ഉൾപ്പെടെ പിടികൂടി നശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ എ. കെ. നിഷാദിൻ്റെയും ഹെൽത്ത് സൂപ്പർവൈസർ കെ.വി.വിൻസെന്റിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.ഹോട്ടലുകൾ, ടി ഷോപ്പുകൾ, കൂൾഡ്രിങ്ക് ഷോപ്പുകൾ എന്നീ വ്യാപാര സ്ഥാപനങ്ങളിൽ കുടിവെള്ളസ്രോതസുകളും , അടുക്കളയും പരിസരവുമാണ് പരിശോധന നടത്തിയത്. ന്യൂനതകൾ കണ്ടെത്തിയതും നോട്ടിസ് നൽകിയിട്ടുള്ള 13സ്ഥാപനങ്ങളിൽ ആണ് പരിശോധന നടത്തിയത്. പരിശോധനയിൽ ആറ് സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച പഴകിയ ഭക്ഷണ സാധനങ്ങൾ സോപ്പ് ലായനി ഉപയോഗിച്ച് നശിപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു. ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ ടി. സുനിൽ, ആഞ്ചലിന, ഷൈമോൾ, അനിഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.