വിദഗ്ധർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനും (കെ-സോട്ടോ )കൊച്ചി അമൃത ആശുപത്രിയും സംയുക്തമായി അവയവങ്ങൾ വീണ്ടെടുക്കുന്നതിനുള്ള (Organ Retrival) സാങ്കേതിക വിദ്യകളിൽ ശസ്ത്രക്രിയാ വിദഗ്ധർക്ക് ശിൽപശാല സംഘടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച ശിൽപശാല കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്.എസ് നോബിൾ ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അവയവമാറ്റ ശസ്ത്രക്രിയകളിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി നിലവാരം ഉയർത്തുകയും കൂടുതൽ രോഗികൾക്ക് പുതുജീവൻ നൽകാൻ സഹായിക്കുകയും ചെയ്യുകയായിരുന്നു ശില്പശാലയുടെ ലക്ഷ്യം.
അവയവങ്ങൾ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട ലൈവ് ഡെമോൺസ്ട്രേഷനുകൾ, കഡാവർ മോഡലുകളിൽ പ്രായോഗിക പരിശീലനം, നോർമോതെർമിക് റീജിയണൽ പെർഫ്യൂഷൻ പോലുള്ള നൂതന സാങ്കേതിക വിദ്യകൾ ശിൽപശാലയിൽ പരിചയപ്പെടുത്തി.
നോർമോതെർമിക് റീജിയണൽ പെർഫ്യൂഷൻ, ഹൈപ്പോതെർമിക് ഓക്സിജനേറ്റഡ് മെഷീൻ പെർഫ്യൂഷൻ തുടങ്ങിയ രണ്ട് സാങ്കേതിക വിദ്യകളും അവയവ മാറ്റിവെയ്ക്കലിൽ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ട്രാൻസ്പ്ലാന്റ് സർജൻമാർ ശിൽപശാലയിൽ അവതരണങ്ങൾ നടത്തി. സ്പെയിനിലെ ബാഴ്സലോണയിലെ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാൻറേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഈ മേഖലയിലെ വിദ്ഗ്ദനായ ഡോ. ബ്രയാൻ അൽവാരസ് നോർമോതെർമിക് റീജിയണൽ പെർഫ്യൂഷനെക്കുറിച്ചുള്ള ക്ലാസ് ഓൺലൈനായി നടത്തി.
ഡോ. സുബ്രമണ്യ അയ്യർ, ഡോ. സോനൽ ആസ്തന, ഡോ. എസ്. സുധീന്ദ്രൻ, ഡോ.ജോസ് ചാക്കോ പെരിയാപുരം, ഡോ. മാത്യു ജേക്കബ് തുടങ്ങിയവർ വിവിധ സാങ്കേതിക വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.