Saturday 21-Dec-2024


സ്നേഹ സാന്ത്വനവുമായി ഒരു കുടുംബം


വരാപ്പുഴ :കോലായയിൽ നിറയെ ഉറപ്പും കനവുമുള്ള നൂറിലധികം ഭക്ഷ്യക്കിറ്റുകൾ, മുറി നിറയെ വസ്ത്രങ്ങൾ പിന്നെ ചെരുപ്പുകൾ ബ്ലാങ്കറ്റുകൾ, പുതപ്പുകൾ, മുണ്ടുകൾ .. സ്നേഹ സാന്ത്വനം നക്ഷത്രപ്രഭ തൂവി നിൽക്കുന്നൊരു കൊച്ചു വീട്ടിലെ മുറികളിൽ നിറയെ കാരുണ്യത്തിൻ്റെ ശേഷിപ്പുകൾ അത് ചെന്നെത്തേണ്ട യഥാർത്ഥ അവകാശികളെ കാത്തിരിക്കുന്നു. നമുക്കിടയിൽ ജീവിക്കുന്ന നല്ല മനസ്സുള്ള മനുഷ്യർ അകമഴിഞ്ഞ് സംഭാവനയായി നൽകിയതാണിതെല്ലാം. ആർക്കും അവിടെ ചെന്ന് ആവശ്യമുള്ളതിനെ സൗജന്യമായി സ്വീകരിക്കാം. ഭക്ഷ്യക്കിറ്റുകൾ അർഹരുടെ കൈകളിൽ ചെന്നെത്തും. കൂനമ്മാവ് ഐ ടി സി റോഡിലുള്ള പഴമ്പിള്ളി ആൽബിയുടെ വീട്ടിൽ ഭാര്യ ലിതാ ആൽബിയുടെ നേതൃത്വത്തിലുള്ള ഷെയർ ആൻഡ് കെയർ എന്ന ജീവകാരുണ്യ സംഘടയാണ് നന്മ നിറഞ്ഞ ഈ സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്. വർഷങ്ങളായി ഇത് ചെയ്തു കൊണ്ടിരിക്കുന്നു. ഈ കൂട്ടായ്മയിലൂടെ നിരാലംബരായ മനുഷ്യരിൽ സഹായത്തിൻ്റെ നിശബ്ദ സാന്നിധ്യമായി പ്രവർത്തിക്കാൻ ഏറെ വർഷങ്ങളായി ലിതയും സമാന ചിന്താഗതിക്കാരായ കുറെ നല്ല മനുഷ്യരുണ്ട്. സ്ക്കൂൾ കുട്ടികൾക്കാവശ്യമായ പഠന ഉപകരണങ്ങൾ, രോഗികൾക്കാവശ്യമായ മരുന്നുകൾ, രക്തം, വീൽചെയറുകൾ, ഡൈ പ്പറുകൾ, ചെറിയ സാമ്പത്തിക സഹായങ്ങൾ ... ഇതിലേറെയും കാര്യങ്ങളുമായി സജീവമാണ് ഷെയർ ആൻഡ് കെയർ. പല വിധ ജീവിതസാഹചര്യങ്ങൾ മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് സ്നേഹവും സഹാനുഭൂതിയും മാത്രം കൈമുതലായുള്ള സാധാരണക്കാരായ വ്യക്തികൾ ഒത്തൊരുമിച്ച് അവരുടെ ചെറിയ ചെറിയ വിഹിതങ്ങളിലൂടെ മരുന്നുകളും , ഭക്ഷ്യ വസ്തുക്കളും , ധനസഹായങ്ങളും , നൽകി വരുന്ന സാധാരണക്കാരുടെ ഒരു കൂട്ടായ്മയാണ് ഷെയർ ആൻഡ് കെയർ. മുമ്പിൽ വരുന്ന ആവശ്യങ്ങൾ വാട്സപ് ഗ്രൂപ്പിലൂടെ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ പരിഹാര നടപടികൾ എത്രയും വേഗത്തിൽ നടപ്പാക്കുന്നതാണ് പ്രവർത്തന രീതി. ആവശ്യക്കാർക്കു വേണ്ടി ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ എത്തിച്ചു കൊടുക്കുവാൻ 2022 ജൂൺ മുതൽ ഒരു ഡ്രസ്സ് ബാങ്കും ആരംഭിച്ചു. ആലങ്ങാട് ,വരാപ്പുഴ, കോട്ടുവള്ളി പഞ്ചായത്തുകളിലായി തികച്ചും അർഹതയുള്ള കുടുംബങ്ങൾക്ക് പല വിധത്തിലുള്ള സേവനങ്ങൾ ഇവർ നൽകി വരുന്നു. ഇക്കുറി കടമക്കുടി പഞ്ചായത്തിലേക്കും ആദ്യമായി ഇവർ സഹായമെത്തിക്കും. മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു. ദൈവം അത് നടപ്പാക്കുന്നുവെന്ന വേദവാക്ക്യം പോലെ ഇവർ ലക്ഷ്യമിടുന്ന സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തികൾക്ക് അകമഴിഞ്ഞ സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫാ. ജോബി കോഴിക്കോട്ട് സി.എം.എ സൗജന്യ ഭക്ഷ്യക്കിറ്റിൻ്റെയും വസ്ത്ര വിതരണത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. 





2024. All rights reserved.